Saturday, November 8, 2014

സുഹറ

നാസറിക്ക തന്റെ ഗള്‍ഫ് ജീവിതം തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി . ഇതിപ്പോള്‍ രണ്ടാമത്തെ അവധിക്ക് നാട്ടില്‍ വരികയാണ്‌ നാസറിക്കയുടെ കെട്ടിയോളാണ് സുഹറ.
അവള്‍ ഇന്ന് പതിവിലും നേരത്തെ എഴുന്നേറ്റു . വീടെല്ലാം അടിച്ചുവാരി കഴുകി വൃത്തിയാക്കി .
ഇക്കായെ കൂട്ടിവരാന്‍ എയര്‍പോര്‍ട്ടില്‍ കൂടെ ചെല്ലാന്‍ ഉമ്മ ഒരുപാട് നിര്‍ബന്ധിച്ചതാണ് ഖല്‍ബ് നിറയെ കേട്ടിയോനോടുള്ള പ്രണയം മാത്രം എത്രയും വേഗം ഒന്ന് കാണണം ആ നെഞ്ചിലെ ചൂടില്‍ മുഖം ചേര്‍ത്ത് വെക്കണം ആഗ്രഹം ഇതാണെങ്കിലും ഒരു നാണം
കല്ല്യാണം കഴിഞ്ഞു പത്തു വര്‍ഷം കഴിഞ്ഞു എങ്കിലും രണ്ടരവര്‍ഷത്തെ ഇടവേള പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്ണുകാണാന്‍ വന്ന നാസറിക്കയുടെ മുഖത്ത് നോക്കാന്‍ സുഹറ അന്നു അനുഭവിച്ച അതേ നാണം
കുട്ടികളും ഉമ്മയും ഇക്കാന്റെ അനിയനും കൂടിയാണ് ഇക്കായെ കൂട്ടി വരാന്‍ പോയത്.
വീട്ടില്‍ തനിച്ചായിരുന്ന സുഹറയുടെസന്തോഷം തട്ടിന്‍പുറത്തുള്ള എലികളും പാറ്റയും പല്ലിയുമെല്ലാം കാണുന്നുണ്ട് സുഹറ ചിരിക്കുന്നു പാട്ടുപാടുന്നു അടുക്കളയില്‍ കെട്ടിയോനു ഇഷ്ട്ടപെട്ട പാലപ്പവും കടലക്കറിയുമുണ്ടാക്കുന്ന തിരക്കിലായിട്ടു പോലും സുഹറ കൂടെ കൂടെ കണ്ണാടിയുടെ മുന്നില്‍ പോയി തിരിഞ്ഞും മരിഞ്ഞും തട്ടം തലയിലും തോളത്തിട്ടുമെല്ലാം ഭംഗി ആസ്വദിക്കുന്നുണ്ട്. കണ്ണാടിയുടെ ഒരു മൂലയില്‍ ഒട്ടിച്ചു വെച്ച നാസറിക്കയുടെ ഫോട്ടോയോട്‌ കിന്നരിക്കാനും അവള്‍ മറന്നില്ല.
വെള്ളം കുടിക്കാന്‍ വിസമ്മതിക്കുന്ന കറുമ്പിയാടിനെ വഴക്കുപറയുന്ന സുഹറയുടെ ശബ്ദമാണ് എന്നും സൂര്യന്‍റെ അലസത മാറ്റി പെട്ടന്ന് നേരം വെളുപ്പിക്കാന്‍ സഹായിക്കുന്നത് ഇന്ന് അതെല്ലാം സുഹറ മറന്നു അവളുടെ മനസ്സില്‍ നാസറിക്ക മാത്രം സൂര്യന്‍ അലസനാണ് , കറുമ്പിയാട് സന്തോഷത്തിലും
പതിവിലും വേഗത്തില്‍ ജോലിയെല്ലാം തീര്‍ത്തു മുറ്റത്തു വന്നു
റോഡിലോട്ടു നോക്കി നിലയുറപ്പിച്ചു എത്രയും വേഗം ഇക്കയിങ്ങു വന്നെങ്കില്‍ ....................
(ഈ ആകാംഷയും പ്രതീക്ഷയും മൊബൈലും സ്കൈപ്പും ഫേസ്ബുക്കുമെല്ലാം കൂടി പകുത്തെടുക്കാതിരുന്നെങ്കില്‍ പ്രവാസികളുടെ ഏറ്റവും സുന്ദരമായ ഈ മുഹൂര്‍ത്തം ഓരോ അവധിക്കും പുതുമകള്‍ മാത്രം സമ്മാനിച്ചേനെ....!!!)

Saturday, November 1, 2014

ഉലാക്ക

കേരളപിറവിയാണ് ഇന്നെന്നു പറയുന്നു
പിന്നെന്ത് ഞാനും പറയുന്നു
ഇന്ന് തന്നെയാണ് ബ്ലോഗില്‍ ഉലാക്കയും പിറന്നത്‌.